കുട്ടികള്‍ക്കായി പാഠഭാഗങ്ങള്‍ വാര്‍ത്താരൂപേണ അവതരിപ്പിക്കുന്ന കുട്ടികളുടെ ഒരു വാര്‍ത്താ ചാനല്‍.... അതില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങളോരോന്നും ലൈവായി അവതരിപ്പിക്കുന്ന വാര്‍ത്താവായനക്കാരി, സംഭവസ്ഥലത്തു നിന്ന് തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താലേഖകന്‍... കഥാപാത്രങ്ങളുടെ അഭിമുഖ പരമ്പര... ഒരു പാഠഭാഗം ഹൃദിസ്ഥമാകാന്‍ മറ്റെന്തു വേണം? കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ഒരു സര്‍ക്കാര്‍ സ്ക്കൂള്‍ അദ്ധ്യാപകനാണ്. കൊല്ലം ചവറയിലെ അരുണ്‍ കുമാര്‍... തീര്‍ന്നില്ല, കുട്ടികള്‍ക്കായി അദ്ദേഹം സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മൂന്നെണ്ണം.. DAMBO, CATO, MAESTRO.... ഈ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി സി.ഡി പുറത്തിറക്കിയപ്പോള്‍ അതിനായി പണം ചെലവിട്ടത് ലാഭം പ്രതീക്ഷിച്ചായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയൊരു മാര്‍ഗവുമായി അദ്ദേഹം നമുക്കു മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ അദ്ദേഹം ഒരുക്കിയിരിക്കുന്നത് ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന ഒട്ടേറെ ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തിയ അരുണ്‍ കുമാറിനെ അദ്ധ്യാപകസമൂഹത്തിന് പരിചയപ്പെടുത്താനുതകുന്ന ഈ ലേഖനം തയ്യാറാക്കിയത് ഇംഗ്ലീഷ് ബ്ലോഗിന്റെഅമരക്കാരനായ രാജീവ് ജോസഫാണ്. ഒപ്പം മേല്‍പ്പറഞ്ഞ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ലിങ്കും ചുവടെയുണ്ട്.
പാവപ്പെട്ടവന്റെയും മധ്യവര്‍ഗ്ഗക്കാരെന്റെയും മക്കള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളെയും അവിടങ്ങളിലെ അദ്ധ്യാപകരെയും തരം കിട്ടുമ്പോഴൊക്കെ താഴ്ത്തിക്കെട്ടുവാനും, ഇകഴ്ത്തുവാനും, കുറവുകള്‍ ഉയര്‍ത്തിക്കാട്ടുവാനും ത്വര കാട്ടുന്ന പൊതുജനവും മാധ്യമങ്ങളും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയോ അധ്യാപകരുടെയോ ക്രിയാത്മകനേട്ടങ്ങള്‍, കണ്ടു പിടുത്തങ്ങള്‍, മികവുകള്‍, തനതു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇന്നത്തെ അധ്യാപകര്‍ കാലത്തിനൊത്ത രീതിയില്‍ പുസ്തകത്തിനു പുറത്തുള്ള ലോകത്തെപ്പറ്റി നല്ല വിവരമുള്ളവരും അതു തങ്ങളുടെ കുട്ടികളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുന്നവരും ആണ്. കാലത്തിനും അതീതരായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. കാലത്തിനൊത്ത് ടെക്‌നോളജി നന്നായി ഉപയോഗിക്കുന്നവരാണ്. അതിന്റെ ഒരു തെളിവാണ് നാം ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്ന അരുണ്‍കുമാര്‍ എ.ആര്‍.
കൊല്ലം ജില്ലയിലെ ചവറ ഗവണ്മെന്റ് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് അദ്ദേഹം. ഏറ്റവും വ്യത്യസ്‍തമായ രീതിയില്‍ എങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന് എപ്പോഴും ചിന്തിക്കുന്ന അദ്ദേഹം 2010ല്‍ കുട്ടികളെ കൊണ്ടു അഭിനയിപ്പിച്ച് DAMBO എന്ന ഒരു കഥാപാത്രത്തിലൂടെ ഇംഗ്ലീഷ് ഇഡിയംസ് പഠിപ്പിക്കുവാന്‍ ശ്രമിച്ചു. വിജയമെന്ന് കണ്ട് DAMBO എന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചു. സംഭവം വന്‍ വിജയമായി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായി എന്നതിനേക്കാള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടു എന്നതാണ് അരുണിനെ സന്തോഷിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി അത് യൂറ്റ്യൂബില്‍ അപ് ലോഡ് ചെയ്തുവെങ്കിലും ഇന്നത്തെപ്പോലെ അധ്യാപകരും രക്ഷകര്‍ത്താക്കളും കുട്ടികളും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത കാലമായിരുന്നതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.
പിന്നീട് 2013 ല്‍ DAMBO യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം CATO എന്നൊരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചു. ആധുനിക ആനിമേഷന്‍ സാങ്കേതിക വിദ്യ അത്ര പരിചയമില്ലാത്തതുകൊണ്ട് ഒരു സ്വകാര്യ ഏജന്‍സിയെ സമീപിക്കേണ്ടതായി വന്നതിനാല്‍ ലക്ഷക്കണക്കിന് രൂപ ചെലവായി. എങ്കിലും ഹെഡ്മിസ്ട്രസ് ആയി റിട്ടയര്‍ ചെയ്ത അമ്മ സാമ്പത്തികമായി സഹായിച്ചതോടെ CATO ഒരു CD രൂപത്തില്‍ പുറത്തിറക്കാനായി.
CATO ഒരു വന്‍ വിപ്ലവമായിരുന്നു. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രം കുട്ടികളെ ഇന്ററാക്റ്റീവ് ഗെയ്മുകളിലൂടെ പാര്‍ട്സ് ഓഫ് സ്പീച്ച്, റിപോര്‍ട്ടഡ് സ്പീച്ച്, കണ്ടീഷ്ണല്‍ ക്ളോസ്, ക്വെസ്ട്യന്‍ റ്റാഗുകള്‍, ലിങ്കേര്‍സ് എന്നിങ്ങനെ പ്രയാസമേറിയ ഗ്രാമര്‍ ഭാഗങ്ങള്‍ അനായാസം പഠിപ്പിക്കുന്ന അത്ഭുതം. വാങ്ങി ഉപയോഗിച്ചവരും കേട്ടറിഞ്ഞവരും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചുവെങ്കിലും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ വിപ്ലവത്തെക്കുറിച്ച് അറിഞ്ഞുവോ എന്നു സംശയം ആണ്.
നിസ്വാര്‍ഥരായ ഇത്തരം ആളുകള്‍ സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ പരാജയം ആയിരിക്കും എന്നത് ഒരു ലോക സത്യമാണല്ലോ. അരുണ്‍ സാറിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. സ്വന്തം കഥാപാത്രത്തെ വിറ്റു പണമാക്കുന്ന വിദ്യ പരിചയം ഇല്ലാത്തതുകൊണ്ടു ഇപ്പോഴും മുടക്കുമുതലിന്റെ പാതി പോലും തിരികെ കിട്ടിയിട്ടില്ലെങ്കിലും ആള് ഹാപ്പിയാണ്. CD ഇപ്പോഴും മാര്‍ക്കെറ്റില്‍ ലഭ്യമാണ്.
2015-ല്‍ എട്ടാം ക്ലാസ് പുസ്തകങ്ങള്‍ മാറിയതോടെ സ്‌കൂളിന്റേതായ ഒരു സാങ്കല്‍പ്പിക ന്യൂസ് ചാനല്‍ വാര്‍ത്തകളിലൂടെ പുതിയ പുസ്തകങ്ങളിലെ കഥകള്‍ രസകരമായി അവതരിപ്പിച്ച് തന്റെ യു ട്യൂബ് ചാനലിലൂടെയും ഇംഗ്ലീഷ് അധ്യാപകരുടെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിച്ചു വരവേയാണ് ഒന്‍പത് പത്ത് ക്ളാസുകളിലെയും പുസ്തകങ്ങള്‍ മാറിയത്.
2016-ല്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ CD രൂപത്തില്‍ വീണ്ടും ഇറക്കുവാന്‍ അദ്ദേഹം ആലോചിച്ചപ്പോള്‍ എന്ത് കൊണ്ട് ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ചെയ്തു കൂടാ എന്ന ആശയം ഒരു സുഹൃത്ത് അവതരിപ്പിക്കുകയും അങ്ങനെ ENGLISH MAESTRO എന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് 2016 ജൂണില്‍ റീലിസ് ചെയ്യുകയും ചെയ്തു. തുടക്കത്തില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പുസ്തകത്തിലെ ഒന്നാമത്തെ യുണിറ്റിലെ ഒന്നാം പാഠം വിഡിയോ രൂപത്തിലും ചോദ്യ ഉത്തരങ്ങള്‍ ഇന്ററാക്റ്റീവ് മോഡിലും ആണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ അപ്‌ഡേഷനിലൂടെ ബാക്കി പാഠ ഭാഗങ്ങളും ഇംഗ്ലീഷ് അധ്യാപകരുടെ സ്മാര്‍ട് ഫോണുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ENGLISHMAESTRO എന്നു തിരഞ്ഞാല്‍ ഈ ആന്‍ഡ്രോയ്ഡ് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എളുപ്പം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. ലിങ്ക് ഇതാണ്.
ആപ്ലിക്കേഷനിലെ ചില സ്‌ക്രീന്‍ഷോട്ടുകള്‍
ഇത്തരം വിപ്ലവകരവും ക്രിയാത്മകവുമായ പ്രവര്‍ത്തനം ഏതാനും കുറെ ഇംഗ്ലീഷ് അധ്യാപകര്‍ മാത്രം അറിഞ്ഞാല്‍ പോരാ. കേരളത്തിലെ എല്ലാ ഇംഗ്ലീഷ് അധ്യാപകരും കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും പൊതു സമൂഹവും അറിയണം. അതിനുള്ള ഏറ്റവും നല്ല വേദി മാത്‍സ് ബ്ലോഗ് ആണെന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം ഒരു ലേഖനം മാത്‍സ് ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത്.
എല്ലാവരും അറിയട്ടെ നമ്മുടെ ഇടയിലുള്ള ഇത്തരം മിടുക്കന്മാരെ...
0 comments:
Post a Comment